Surah ഹുജറാത്ത്

മലയാളം

Surah ഹുജറാത്ത് - Aya count 18

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُقَدِّمُواْ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُواْ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ ﴿١﴾

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുങ്കടന്നു പ്രവര്‍ത്തിക്കരുത്‌. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرْفَعُوٓاْ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُواْ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ ﴿٢﴾

സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി.

إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُوْلَٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌۭ وَأَجْرٌ عَظِيمٌ ﴿٣﴾

തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധപനിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്‌. അവര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്‌.

إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ ﴿٤﴾

(നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തു നിന്ന് നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.

وَلَوْ أَنَّهُمْ صَبَرُواْ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًۭا لَّهُمْ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ ﴿٥﴾

നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നത് വരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍۢ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوْمًۢا بِجَهَٰلَةٍۢ فَتُصْبِحُواْ عَلَىٰ مَا فَعَلْتُمْ نَٰدِمِينَ ﴿٦﴾

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.

وَٱعْلَمُوٓاْ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍۢ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُوْلَٰٓئِكَ هُمُ ٱلرَّٰشِدُونَ ﴿٧﴾

അല്ലാഹുവിന്‍റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.

فَضْلًۭا مِّنَ ٱللَّهِ وَنِعْمَةًۭ ۚ وَٱللَّهُ عَلِيمٌ حَكِيمٌۭ ﴿٨﴾

അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്‌. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُواْ فَأَصْلِحُواْ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَٰتِلُواْ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُواْ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓاْ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴿٩﴾

സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌۭ فَأَصْلِحُواْ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ﴿١٠﴾

സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسْخَرْ قَوْمٌۭ مِّن قَوْمٍ عَسَىٰٓ أَن يَكُونُواْ خَيْرًۭا مِّنْهُمْ وَلَا نِسَآءٌۭ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًۭا مِّنْهُنَّ ۖ وَلَا تَلْمِزُوٓاْ أَنفُسَكُمْ وَلَا تَنَابَزُواْ بِٱلْأَلْقَٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ ۚ وَمَن لَّمْ يَتُبْ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴿١١﴾

സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجْتَنِبُواْ كَثِيرًۭا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌۭ ۖ وَلَا تَجَسَّسُواْ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًۭا فَكَرِهْتُمُوهُ ۚ وَٱتَّقُواْ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌۭ رَّحِيمٌۭ ﴿١٢﴾

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًۭا وَقَبَآئِلَ لِتَعَارَفُوٓاْ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۭ ﴿١٣﴾

ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

۞ قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُواْ وَلَٰكِن قُولُوٓاْ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَٰنُ فِى قُلُوبِكُمْ ۖ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَٰلِكُمْ شَيْـًٔا ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ ﴿١٤﴾

ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴിപെട്ടിരിക്കുന്നു. എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന്‍ കുറവ് വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُواْ وَجَٰهَدُواْ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ ﴿١٥﴾

അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.

قُلْ أَتُعَلِّمُونَ ٱللَّهَ بِدِينِكُمْ وَٱللَّهُ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ ﴿١٦﴾

നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപറ്റിയും അറിയുന്നവനാകുന്നു.

يَمُنُّونَ عَلَيْكَ أَنْ أَسْلَمُواْ ۖ قُل لَّا تَمُنُّواْ عَلَىَّ إِسْلَٰمَكُم ۖ بَلِ ٱللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَىٰكُمْ لِلْإِيمَٰنِ إِن كُنتُمْ صَٰدِقِينَ ﴿١٧﴾

അവര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്‌. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക)

إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرٌۢ بِمَا تَعْمَلُونَ ﴿١٨﴾

തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനുമാകുന്നു അല്ലാഹു.